അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വീണ്ടും വാള്‍സ്ട്രീറ്റ് ജേർണല്‍.
വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്‌തത് സീനിയർ പൈലറ്റ് സുമിത് സബർവാള്‍ തന്നെയെന്ന് ലേഖനത്തില്‍ പറയുന്നു. ബ്ലാക്ക് ബോക്സ് റെക്കോർഡ് ചെയ്‌ത കോക്ക്പിറ്റ് സംഭാഷണങ്ങളില്‍ നിന്നാണ് കണ്ടെത്തല്‍. നേരത്തെ ഇന്ത്യയുടെ എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയുടെ റിപ്പോർട്ടിലും പൈലറ്റുമാരുടെ സംഭാഷണം പുറത്തുവന്നിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്‌തത് എന്തിനെന്ന ഒരു പൈലറ്റിന്റെ ചോദ്യത്തിന് ഞാൻ ഓഫ് ചെയ്തില്ല എന്ന ഉത്തരമാണ് മറ്റേ പൈലറ്റ് നല്‍കുന്നത്. എന്നാല്‍ ആരാണ് ചോദ്യം ചോദിച്ചതെന്ന വിവരം പുറത്തുവിട്ടിരുന്നില്ല.
ടേക്ക് ഓഫ് ചെയ്യുമ്ബോള്‍ വിമാനം പറത്തിയിരുന്നത് ഫസ്റ്റ് ഓഫീസറായ ക്ലെയ്‌വ് കുണ്ടാർ ആയിരുന്നു. ക്യാപ്റ്റൻ സുമിത് സബർവാള്‍ വിമാനത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച് അദ്ദേഹത്തിന്റെ സീറ്റില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ സ്വാതന്ത്രമായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തനിലയില്‍ കണ്ടെത്തിയ സഹപൈലറ്റാണ് ഇത് ആരാണ് ചെയ്‌തത് എന്ന് സുമിത്തിനോട് ചോദിക്കുന്നത്. എന്നാല്‍ അദ്ദേഹം ഒന്നും മിണ്ടാതെ ശാന്തനായി ഇരിക്കുകയാണ് ചെയ്‌തത് എന്നാണ് വാള്‍സ്ട്രീറ്റ് ലേഖനത്തില്‍ പറയുന്നത്. എ എ ഐ ബി അന്വേഷണ സംഘത്തില്‍ മെഡിക്കല്‍ സൈക്കോളജി വിദഗ്ദ്ധർ അടക്കം ഉണ്ടായിരുന്നുവെന്നും സംഭവത്തെ കുറിച്ച് ക്രിമിനല്‍ അന്വേഷണം ഉണ്ടാകണമെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടതിനെതിരെ പൈലറ്റ്മാരുടെ സംഘടനാ പ്രതിഷേധിച്ചിരുന്നു. അതേസമയം സോഫ്റ്റ്‌വെയർ, ഇലക്‌ട്രിക് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യതകളും പരിശോധിക്കുകയാണ്. വിമാനത്തിന്റെ എഞ്ചിൻ കണ്‍ട്രോള്‍ യൂണിറ്റിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. വിമാനത്തിന്റെ ലോഗ്‌ബുക്കും പരിശോധിക്കുന്നുണ്ട്. ദില്ലി അഹമ്മദാബാദ് യാത്രയ്ക്കിടെ വിമാനത്തിന് ഒരു സാങ്കേതിക പ്രശ്നം കണ്ടെത്തിയതായും അത് പരിഹരിച്ചതായും ലോഗ്‌ബുക്കില്‍ പറയുന്നു. ഈ തകരാർ മറ്റ് ഇലെക്‌ട്രിക്കല്‍ തകരാറിലേക്ക് നയിച്ചോ എന്ന പരിശോധനയും നടക്കുന്നുണ്ട്.