Type Here to Get Search Results !

തുറന്ന് നോക്കിയത് രക്ഷയായി; ഗള്‍ഫിലേക്ക് കൊണ്ടു പോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാറില്‍ മയക്കുമരുന്ന്; ഞെട്ടലില്‍ പ്രവാസി യുവാവും കുടുംബവും





ഗള്‍ഫിലേക്ക് കൊണ്ടു പോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാർ കുപ്പിയില്‍ മയക്കുമരുന്ന്. ചക്കരക്കല്‍ സ്വദേശി മിഥിലാജിന‍റെ വീട്ടില്‍ ജിസിൻ എന്നയാളാണ് അച്ചാർ എത്തിച്ചത്.











എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് ചെറിയ ഡപ്പിയിലാക്കി അച്ചാറില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രിയാണ് ഗള്‍ഫിലേക്ക് പോകുന്ന മിഥിലാജിന്റെ വീട്ടില്‍ അയല്‍ക്കാരനായ ജിസിൻ പാഴ്സല്‍ എത്തിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന വഹിൻ എന്നയാള്‍ക്ക് കൊടുക്കണം എന്നാണ് പറഞ്ഞിരുന്നത്. ശ്രീലാല്‍ എന്നയാള്‍ നല്‍കുന്ന പാഴ്സല്‍ ജിസിൻ കൊണ്ടുവരുമെന്ന് വഹിനും മിഥിലാജിന് മെസേജ് അയച്ചിരുന്നു.

മിഥിരാജിന്റെ ഭാര്യ പിതാവിന്റെ ജാഗ്രതയാണ് വൻ ആപത്തില്‍ നിന്നും രക്ഷിച്ചത്. ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നതല്ലേ എന്ന് കരുതി വെറുതെ പാഴ്സല്‍ പരിശോധിക്കുകയായിരുന്നു. അച്ചറാന്റെ കുപ്പിക്ക് സാധാരണ കാണാറുള്ള സീലും ലേബിലും ഉണ്ടായിരുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലും ഡപ്പിയിലുമാക്കിയ വസ്തു കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയില്‍ കവറില്‍ .21 ഗ്രാം എംഡിഎംഎയും ഡപ്പിയില്‍ 3 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.













ജിസിൻ, ശ്രീലാല്‍ എന്നവർക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മനഃപൂർവ്വം കുടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും വീട്ടുകാർക്കുണ്ട്.