Type Here to Get Search Results !

താനൂരില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായി; 19കാരന്റെ മൃതദേഹം കണ്ടെത്തിയത് നൂറ് കിലോമീറ്ററോളം അകലെയുള്ള കൊടുങ്ങല്ലൂരിലെ കടലില്‍



കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ 19കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂരില്‍ നിന്ന് കാണാതായ കൗമാരക്കാരനെ നൂറ് കിലോമീറ്ററോളം അകലെയുള്ള കൊടുങ്ങല്ലൂരിനടുത്തെ കടലിലാണ് കണ്ടെത്തിയത്.


താനൂർ എടക്കടപ്പുറം സ്വദേശി കമ്മക്കാന്റെ പുരക്കല്‍ വീട്ടില്‍ ഷാജഹാന്റെ മകൻ 19 കാരനായ ജുറൈജാണ് മരിച്ചത്.

ജൂലൈ ഒൻപതിനാണ് ജുറൈജിനെ കാണാതായത്. പാലത്തിങ്കല്‍ കടലുണ്ടി പുഴയില്‍ കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച്‌ താനൂർ പൊലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് മൃതദേഹം കൊടുങ്ങല്ലൂരിനടുത്ത് മതിലകം വെമ്ബല്ലൂർ കടലില്‍ കണ്ടെത്തിയത്.

കരയില്‍ നിന്ന് 18 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് മൃതദേഹം കണ്ടത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയില്‍ എത്തിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



Tags