ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍താനി.
ഇസ്രയേല്‍ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ല. സുരക്ഷയ്ക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന വിവേകശൂന്യമായ ഏതൊരു ലംഘനത്തോടും ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്ന് ഖത്തർ ഉറപ്പിച്ചു പറയുന്നു. ഈ നഗ്നമായ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്, പ്രതികരണമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതുമാണ്' ഖത്തർപ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തുടർച്ചയായ രാഷ്ട്രീയ വിവേകശൂന്യതയിലും ഭരണകൂട പരമാധികാര ലംഘനങ്ങളിലും ഏർപ്പെടുന്ന ഒരു തെമ്മാടി ശക്തി ഇവിടെയുണ്ടെന്ന് മുഴുവൻ മേഖലയ്ക്കുമുള്ള വ്യക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും ഖത്തർ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.
ക്രൂരത മാത്രം പ്രതിഫലിപ്പിക്കുന്ന നെതന്യാഹുവിന്റെ കിരാതമായ പെരുമാറ്റത്തിനെതിരെ മേഖല ഒന്നടങ്കം പ്രതികരിക്കേണ്ട ഒരു നിർണ്ണായക നിമിഷത്തിലാണ് നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സംവിധാനങ്ങളെയും നിയമങ്ങളെയും അവഗണിച്ച്, അദ്ദേഹം ഈ മേഖലയെ പരിഹരിക്കാനാവാത്ത ഒരു തലത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍താനി പറഞ്ഞു.
അതേ സമയം ഖത്തർ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. 'സംഭാഷണങ്ങളിലൂടെ മേഖലയില്‍ സ്ഥിരത കൈവരിക്കുക എന്നതിലാണ് ഖത്തറിന്റെ നയതന്ത്രം അധിഷ്ഠിതമായിരിക്കുന്നത്, മധ്യസ്ഥത വഹിക്കുന്നത് ഞങ്ങളുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഈ മേഖലയ്ക്കും നമ്മുടെ ജനങ്ങള്‍ക്കും സ്ഥിരത കൈവരിക്കാൻ വേണ്ടി, വെല്ലുവിളികള്‍ക്കിടയിലും മധ്യസ്ഥത വഹിക്കുന്നത് തുടരും' ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാൻ എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എടുക്കുന്ന ഓരോ നടപടിയും തങ്ങള്‍ പ്രഖ്യാപിക്കമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തർ നിർത്തിവെച്ചതായി അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ഹമാസിനും ഇസ്രായേലിനും ഇടയിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നിർത്തരുതെന്ന് യുഎസ് ഖത്തറിന് മേല്‍ സമ്മർദ്ദം ചെലുത്തിയതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മധ്യസ്ഥ ശ്രമങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കാൻ പദ്ധതിയിടുന്നതായി ഖത്തർ നേതാക്കള്‍ ട്രംപ് ഭരണകൂടത്തെ അറിയിച്ചതിന് പിന്നാലെയാണ് യുഎസ് സമ്മർദ്ദമുണ്ടായത്.
