ട്രെയിനില്‍വെച്ച് മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച് ആർപിഎഫ് (റെയില്‍വേ സംരക്ഷണസേന) ഉദ്യോഗസ്ഥർ.
മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ രണ്ടുവയസ്സുകാരനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ സുനില്‍കുമാർ, അസി. സബ് ഇൻസ്പെക്ടർ സജിനി എന്നിവരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാനായത്. തിങ്കളാഴ്ച വൈകിട്ട് മേട്ടുപ്പാളയം-പോത്തന്നൂർ മെമു ട്രെയിനിലായിരുന്നു സംഭവം.
കാരമട സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ സെല്‍വലക്ഷ്മിയുടെ രണ്ടരവയസ്സുള്ള മകൻ അതിരനാണ് യാത്രയ്ക്കിടെ മിഠായി വിഴുങ്ങിയത്. മിഠായി തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിയ്ക്ക് ശ്വാസംകിട്ടാതായി. ഇതോടെ യാത്രക്കാരെല്ലാം ആശങ്കയിലായി. ഇതിനിടെ മൂക്കില്‍നിന്ന് രക്തമൊലിക്കുകയും കുട്ടി അർധബോധാവസ്ഥയിലാവുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായതോടെ യാത്രക്കാർ ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്നാണ് ഇൻസ്പെക്ടർ സുനില്‍കുമാറും എഎസ്‌ഐ സജിനിയും കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയത്
ഇരുവരും ചേർന്ന് കുട്ടിയെ കൈകളിലെടുത്ത് കമിഴ്ത്തികിടത്തി പ്രഥമശുശ്രൂഷ നല്‍കി. നിരന്തരം പുറംഭാഗത്ത് അടിച്ച് മിഠായി പുറത്തെടുക്കാനായിരുന്നു ശ്രമം. ഏതാനുംമിനിറ്റുകള്‍ക്കുള്ളില്‍ ശ്രമം വിജയിക്കുകയും കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ മിഠായി പുറത്തെടുക്കുകയുമായിരുന്നു. തുടർന്ന് ട്രെയിൻ കോയമ്ബത്തൂർ സ്റ്റേഷനില്‍ എത്തിയതോടെ ആർപിഎഫിന്റെ നേതൃത്വത്തില്‍ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
