Type Here to Get Search Results !

വഴക്ക് വൈരാഗ്യത്തിലേക്ക്; കൂട്ടുകാരനെ വകവരുത്താൻ ദിവസവും കട്ടൻചായയില്‍ വിഷം കലര്‍ത്തി, യുവാവ് അറസ്റ്റില്‍

മലപ്പുറം: കൂട്ടുകാരനെ കൊല്ലാൻ കട്ടൻചായയില്‍ വിഷം കലർത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കളപ്പാട്ടുകുന്ന് സ്വദേശി അജയ് ആണ് പിടിയിലായത്.കാരാട് സ്വദേശി സുന്ദരനെയാണ് ഇയാള്‍ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് സുന്ദരൻ. മുൻപ് വഴക്കുണ്ടായപ്പോള്‍ തോന്നിയ എതിർപ്പാണ് വൈരാഗ്യമായി മാറിയത്. ദിവസവും പുലര്‍ച്ചെ ജോലിക്കായി പോകുമ്ബോള്‍ സുന്ദരൻ കുടിക്കുന്നതിനായി കട്ടന്‍ചായ ഫ്ലാസ്കില്‍ കൊണ്ടുപോകുമായിരുന്നു.

ഓഗസ്റ്റ് പത്തിന് പതിവുപോലെ ജോലിക്ക് പോയപ്പോള്‍ കട്ടന്‍ചായ ഫ്ലാസ്കിലെടുത്ത് ബൈക്കില്‍ വച്ചു. ജോലിക്കിടെ കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നിയിരുന്നു. ചായയില്‍ മറ്റെന്തോ കലര്‍ന്നോ അതോ ഫ്ലാസ്കില്‍ നിന്നുള്ള രുചി വ്യത്യാസമാണോയെന്ന സംശയം തോന്നിയതോടെ അടുത്ത ദിവസം മുതല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ചായ കൊണ്ടുപോകാന്‍ തുടങ്ങി.

ഓഗസ്റ്റ് 14ന് ചായ കുടിച്ചപ്പോഴും വ്യത്യാസം തോന്നി. ഗ്ലാസിലൊഴിച്ച്‌ പരിശോധിച്ചപ്പോള്‍ നിറവ്യത്യാസവും കണ്ടെത്തി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷമാണ് കലര്‍ത്തിയതെന്നും അജയ് ആണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു