Type Here to Get Search Results !

സ്കൂളിലേക്ക് പോകുമ്പോൾ സ്‌കൂട്ടറിൽനിന്നു വീണു, ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; അപകടം പിതാവിന്റെ കൺമുന്നിൽ



 *പാലക്കാട്* | അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു. പഴനിയിർപാളയം സബീർ അലി - ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി നഫീസത് മിസ്രിയ (6) ആണ് മരിച്ചത്. 

പാലക്കാട്–പൊള്ളാച്ചി പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറയിൽ തിങ്കളാഴ്ച രാവിലെ 9.10നാണ് അപകടം. മുൻപിൽപോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ‌ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത സ്കൂട്ടർ ചരിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്.

ഈ സ്ഥലത്ത് റോഡിനു വീതി കുറവാണ്. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടം നടന്നതിനു 200 മീറ്റർ അകലെ കുറച്ചു നാളുകള്‍ക്ക് മുൻപുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചിരുന്നു. ഈ ഭാഗത്ത് റോഡ് തകർന്നു കിടക്കുകയാണ്. അപകടത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.