Type Here to Get Search Results !

കാസര്‍കോട് കേടായ എ.ഐ കാമറ നന്നായപ്പോള്‍ ഒരു ലക്ഷം വരെ പിഴ!! നാട്ടുകാര്‍ക്കൊക്കെ മുട്ടൻ പണി; 10 മാസത്തെ നിയമലംഘനങ്ങള്‍ക്ക് ഒന്നിച്ച്‌ പിഴ നോട്ടീസ്


ഒരു വർഷം മുമ്ബ് സ്ഥാപിച്ച കാമറ രണ്ടു മാസത്തിനകം കേടു വരികയും തുടർന്ന് 10 മാസത്തോളം അതേപടി തുടരുകയും ആയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കാമറ നന്നാക്കിയതോടെയാണ് റോഡ് നിയമം തെറ്റിച്ച്‌ വാഹനം ഓടിച്ച ഡ്രൈവർമാർക്ക് എട്ടിൻറെ പണി നല്‍കി കാമറ വരവറിയിച്ചത്. പത്തു മാസത്തോളം കണ്ണടച്ചിരുന്ന ഇക്കാലയളവില്‍ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് ഒന്നിച്ച്‌ പിഴ അടക്കാനുള്ള നോട്ടീസ് ലഭിക്കുകയായിരുന്നു.

കുമ്ബളയിലെ വ്യാപാരി അഷറഫിന് 60,000 രൂപയും സന്ദീപിന് ഒരു ലക്ഷം രൂപയും വ്യാപാരിയായ ഹനീഫിന് 46,000 രൂപയും കുമ്ബള ഭാസ്കർ നഗറിലെ സന്ദീപിന് പതിനായിരം രൂപയും ആണ് പിഴ നോട്ടീസ് ലഭിച്ചത്. നോട്ടീസ് കണ്ട് ഞെട്ടിയ വ്യാപാരികള്‍ സമാന അനുഭവം ഉള്ളവരും ആയി ചേർന്ന് ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ശക്തമായ പ്രതിഷേധത്തിന് കോപ്പ് കൂട്ടുകയാണ്.

ഓരോ തവണയും നിയമം ലംഘിക്കുമ്ബോള്‍ അതേസമയം പിഴ ലഭിച്ചിരുന്നുവെങ്കില്‍ അത് വലിയ പ്രയാസം കൂടാതെ അടച്ചു തീർക്കാൻ കഴിയുമായിരുന്നു എന്നാണ് നോട്ടീസ് ലഭിച്ചവർ പറയുന്നത്. നൂറുകണക്കിന് യാത്രക്കാർക്കാണ് പിഴയടക്കാനുള്ള നോട്ടീസ് ലഭിച്ചത് എന്നാണ് വിവരം. ഇത്തരം പിഴ ലഭിച്ച ആളുകള്‍ തിങ്കളാഴ്ച രാവിലെ കുമ്ബളയില്‍ കാമറയ്ക്ക് അടുത്ത് ഒത്തുചേർന്ന് പ്രതിഷേധം അറിയിച്ചു. ഈ പകല്‍ കൊള്ളക്കെതിരെ നിയമനടപടികളുമായി മുമ്ബോട്ട് പോകാനാണ് കൂട്ടായ്മയുടെ തീരുമാനം.
Tags